നായകനായി അരങ്ങേറുന്ന ആദ്യ സിനിമ കരിയറിൽ എന്നും ഓർത്തുവെക്കാൻ പറ്റിയതാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു ട്രോളന്മാർ അത് സാധിച്ചുതന്നു എന്റെ പൂമരം മറ്റന്നാൾ പൂക്കും!!!

ബാലതാരമായി പ്രേക്ഷക മനസ്സിലിടം നേടിയ കാളിദാസ് നായകനായെത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. നായകനായി അരങ്ങേറുന്ന ആദ്യ മലയാള സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ഈ താരപുത്രനെ തമിഴകം ഏറ്റെടുത്തിരുന്നു. പൂമരത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച്‌ 15നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. നേരത്തെയും റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.

പൂമരത്തെ ട്രോളര്‍മാര്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. കാളിദാസ് തന്നെയാണ് ഇത്തവണയും റിലീസ് തീയതി പുറത്തുവിട്ടത്. ഏത് വര്‍ഷത്തെ മാര്‍ച്ച്‌ 15 നെക്കുറിച്ചാണ് താരപുത്രന്‍ പറഞ്ഞതെന്നാണ് ട്രോളര്‍മാര്‍ ചോദിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് പ്രചരിച്ചത്. റിലീസ് പ്രഖ്യാപിക്കുകയും പിന്നീട് മാറ്റുകയും ചെയ്യുന്ന സംഭവം അടിക്കടി ആവര്‍ത്തിച്ചപ്പോഴും തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്ന് കാളിദാസ് പറയുന്നു.

എബ്രിഡ് ഷൈന്‍ കാളിദാസ് ജാരം കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പൂമരത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവസാന നിമിഷമാണ് റിലീസ് മാറ്റിവെക്കുന്നുവെന്ന് അറിയിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ന്നപ്പോഴാണ് ട്രോളര്‍മാര്‍ സിനിമയെ വിടാതെ പിന്തുടര്‍ന്നത്. ഒരിക്കലും പൂക്കാത്ത മരമായി പൂമരം അവശേഷിക്കുമോയെന്ന തരത്തില്‍ വരെ ട്രോളുകളുണ്ടായിരുന്നു. കാളിദാസും ഇത്തരത്തിലുള്ള ട്രോളുകള്‍ ഷെയര്‍ ചെയ്തിരുന്നു.


നായകനായി അരങ്ങേരുന്ന ആദ്യ സിനിമ കരിയറില്‍ എന്നും ഓര്‍ത്തുവെക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണമെന്ന് കരുതിയിരുന്നു. പൂമരത്തിലൂടെ അത് യാഥാര്‍ത്ഥ്യമാവുമെന്ന ഉറപ്പുമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ റിലീസ് പ്രഖ്യാപിച്ച്‌ അവസാന നിമിഷം മാറ്റിയപ്പോള്‍ തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും താരപുത്രന്‍ വ്യക്തമാക്കുന്നു.


പൂമരത്തെക്കുറിച്ച്‌ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമായ ഞാനും ഞാനുമെന്റാളും എത്തിയത്. യൂട്യൂബ് ടെന്‍ഡിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എറണാകുളത്തെ മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്.

ടിവിയിലൂടെയും യൂട്യൂബിലൂടെയുമായി നിരവധി തവണ ഈ ഗാനം കണ്ടിരുന്നുവെങ്കിലും ബിഗ് സ്ക്രീനിലെത്തിയാല്‍ എങ്ങനെയുണ്ടാവുമെന്നറിയാനായാണ് അപ്പ കാത്തിരിക്കുന്നത്. ഈ ഗാനം ബിഗ് സ്ക്രീനില്‍ കാണുന്നതിന് മുന്നോടിയായുള്ള കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അപ്പയെ പോലെ തന്നെ താനും ആ ഗാനം കാണാനായുള്ള കാത്തിരിപ്പിലാണെന്നും താരപുത്രന്‍ പറയുന്നു.