എന്റെ രൂപത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്. ആരും അറിയാതെ ജിമ്മില്‍ പോയി നോക്കി. പക്ഷെ ഈ ‘തടി’കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു- തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

എന്റെ രൂപത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ നടന്‍ ഇന്ദ്രന്‍സ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു അന്നു ഞാന്‍ ആഗ്രഹിച്ചത്.

പക്ഷേ, സിനിമാലോകം എനിക്ക് സമ്മാനിച്ചത് കോമഡി ക്യാരക്ടറുകളായിരുന്നു- മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

കുട്ടിക്കാലത്ത് നാടകം കളിക്കുമ്ബോള്‍ പോലീസ് കഥാപാത്രങ്ങളായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, എന്റെ രൂപത്തിന് ചേര്‍ന്ന വേലക്കാരന്‍ വേഷങ്ങളായിരുന്നു കൂട്ടുകാര്‍ എനിക്ക് സമ്മാനിച്ചത്.

സിനിമാനടനായി എത്തിയപ്പോള്‍ ആരും അറിയാതെ ബോഡി ബില്‍ഡ് ചെയ്യാന്‍ ഞാന്‍ ജിമ്മില്‍ പോയി.

പക്ഷേ, ഈ ‘തടി’കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ തിരിച്ചയച്ചു.

സിനിമയില്‍ കുടക്കമ്ബി, സോഡാക്കുപ്പി എന്നീ ഇരട്ടപ്പേര് വീണപ്പോഴും ഞാന്‍ സങ്കടപ്പെട്ടില്ല. എന്നെ കാണുമ്ബോള്‍ കുട്ടികള്‍മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ മുഖത്ത് വിരിയുന്ന ചിരി എനിക്കൊരു പോസറ്റീവ് എനര്‍ജിയായിരുന്നു.’

‘ഹാസ്യ കഥാപാത്രങ്ങളില്‍നിന്ന് ഗൗരവമാര്‍ന്ന കഥാപാത്രങ്ങളിലേക്കുള്ള ഇന്ദ്രന്‍സിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ടി.വി. ചന്ദ്രന്‍, എം.പി. സുകുമാരന്‍ നായര്‍, അടൂര്‍ എന്നിവരുടെ ചിത്രങ്ങളിലൂടെയായിരുന്നു ആ ഗതിമാറ്റം.

”ഞാന്‍ ബോധപൂര്‍വം മാറിയതല്ല. മാറുന്ന സിനിമയ്ക്കൊപ്പം ഞാനും സഞ്ചരിച്ചപ്പോള്‍ എനിക്കും മാറ്റം വന്നു. നല്ല കഥാപാത്രങ്ങളുമായി ചെറുപ്പക്കാര്‍ വന്നപ്പോള്‍ കയ്യും മെയ്യും മറന്ന് ഞാന്‍ അവര്‍ക്കൊപ്പം നിന്നു. ഒരു കഥാപാത്രം കിട്ടിയാല്‍ എനിക്ക് പരിചയമുള്ള ചില യഥാര്‍ഥ മനുഷ്യരുമായി ഞാനത് തട്ടിച്ച്‌ നോക്കും.

പിന്നീട് അതുപോലെ പെരുമാറും. എന്റെ ആ അനുകരണമാണ് കഥാപാത്രത്തിനുള്ള എന്റെ ഹോം വര്‍ക്ക്. അതില്‍ കുറെ മികച്ച കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അംഗീകാരങ്ങളും പ്രേക്ഷകപ്രീതിയും കിട്ടുമെങ്കിലും ഞാന്‍ സന്തോഷിക്കുന്നത് കോമഡി ക്യാരക്ടര്‍ ചെയ്യുമ്ബോഴാണ്.

കാരണം അത് കാണുന്ന പ്രേക്ഷകരുടെ മുഖത്ത് വിരിയുന്നത് സന്തോഷവും സീരിയസ് കഥാപാത്രങ്ങള്‍ കാണുമ്ബോള്‍ ദുഃഖവും സങ്കടവുമാണ്. കോമഡി ക്യാരക്ടറുകളെ തള്ളിപ്പറയാന്‍ കഴിയില്ല. പണ്ട് ഞാന്‍ അവതരിപ്പിച്ച കോമഡി ക്യാരക്ടറുകള്‍ ടിവിയില്‍ കണ്ടാണ് ഇന്നത്തെ തലമുറ എന്നെ തിരിച്ചറിയുന്നത്.

തിരിഞ്ഞുനോക്കുമ്ബോള്‍ മിന്നായംപോലെ പിന്നിട്ട കാലം മനസ്സിലൂടെ ഓടിമറയുന്നുണ്ട്.കുട്ടിക്കാലം, പഠിക്കാന്‍ മിടുക്കനായിട്ടും 4-ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നവന്റെ ദുഃഖം.

അന്നത്തെ ഓണക്കാലം, വിശപ്പ്, ആഘോഷങ്ങള്‍. നാടകക്കാരനായി ഉത്സവപ്പറമ്ബുകളില്‍ അലയുമ്ബോള്‍ ഒന്നും പറയാതെ പ്രോത്സാഹിപ്പിച്ച അച്ഛന്‍. തയ്യല്‍ പഠിപ്പിച്ച അമ്മാവന്‍. പേട്ട കാര്‍ത്തികേയയില്‍നിന്നും പട്ടം സലീം ടാക്കീസില്‍നിന്നും കണ്ട സിനിമകള്‍. നടി അംബികയ്ക്ക് വേണ്ടി ആദ്യമായി ബ്ലൗസ് അടിച്ച്‌ കൊടുത്തത്.

സിനിമയിലേക്ക് കൈപിടിച്ച്‌ കയറ്റിയ മോഹന്‍ദാസ് ചേട്ടന്‍, കെ.സുകുമാരന്‍ നായരുടെ ചൂതാട്ടം എന്ന ആദ്യത്തെ സിനിമാ സെറ്റ്. സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ബാലപാഠം പഠിപ്പിച്ച വേലായുധേട്ടന്‍.

എന്നെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ലോഹിയേട്ടന്‍, രാജസേനന്‍, റാഫി മെക്കാര്‍ട്ടിന്‍, സിബി സാര്‍, ബാലു കിരിയത്ത്, എന്റെ സുഖദുഃഖങ്ങളില്‍ പങ്കാളിയായ ഭാര്യ.. എല്ലാവരോടും നന്ദിയുണ്ട്. എന്റെ അമ്മയുടെ വയറിന്റെ പുണ്യമായിരിക്കാം ഈ ജന്മം.

വിശ്വസിച്ചാല്‍ ഇരട്ടി വാരിക്കോരി കൊടുക്കും സിനിമ. സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് സിനിമ ആവശ്യം. അഹങ്കാരം പാടില്ല. എളിമയാണ് ഇവിടെ ആവശ്യം. ജീവിതം പഠിപ്പിച്ചത് അതാണ്