ബോറടിപ്പിക്കാതെ ഡാകിനി;ചിരി നിറച്ച് താരങ്ങൾ!


ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകര്‍ന്നു കെ എസ് ഹരിശങ്കര്‍, അമൃത ജയകുമാര്‍ എന്നിവര്‍ ആലപിച്ച ‘എന്‍ മിഴി പൂവില്‍. കിനാവില്‍.. നിന്‍ മുഖം വീണ്ടും വന്നിതാ നിനവേ.’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്‍പു തന്നെ പാട്ടു പ്രേമികള്‍ ഏറ്റെടുത്ത ഗാനമാണ്. പതിഞ്ഞ താളത്തില്‍ പോവുന്ന പാട്ട് കേള്‍വിക്കു സുഖം നല്‍കുന്നുണ്ട്. എന്നാല്‍, സിയാ ഉല്‍ ഹഗ് പാടിയ ‘പാക്കിരി പാക്കിരി പാക്കിരി.. പതിരു തിരിഞ്ഞു വാ.’ എന്ന അടിപൊളി ‘ഓളം’ സോംഗ് ‘വിക്രം വേദ’യിലെ ‘ടസക്ക് ടസക്ക്’ എന്ന ഗാനത്തെ എവിടെയോ ഓര്‍മിപ്പിക്കുന്നുണ്ട്. എങ്കിലും, വിജയ് സേതുപതിയെ കൊണ്ടാകുമോ ഇങ്ങനെ? എന്നു പാട്ടിനൊടുവില്‍ ഞെട്ടിച്ചു കളയുകയാണ് അമ്മൂമ്മമാരില്‍ ഒരാളായ സാവിത്രി ശ്രീധര്‍. പാട്ടിനൊടുവിലെ സാവിത്രിയുടെ ‘ഫുള്‍ സ്ലിപ്റ്റ്’ ആക്ഷന്‍ കണ്ടാല്‍ ചെറുപ്പക്കാരുടെ പോലും കിളി പോകും. അത്രമാത്രം എനര്‍ജിയാണ് സാവിത്രി കാഴ്ച വയ്ക്കുന്നത്. ഗോപിസുന്ദറിന്റെ ബിജിഎമ്മും ചിത്രത്തോട് നീതി പുലര്‍ത്തുന്നുണ്ട്.

മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഒന്നിച്ചാണ് ‘ഡാകിനി’ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ‘തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും’ ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

കോമഡിയെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളും അമിത പ്രതീക്ഷകളുമെല്ലാം മാറ്റി വച്ച്‌ രണ്ടര മണിക്കൂര്‍ എല്ലാം മറന്ന് ചിരിച്ചുല്ലസിക്കാനുള്ള കോള് ‘ഡാകിനി’ കാത്തു വെച്ചിട്ടുണ്ടെന്നു തന്നെ പറയാം. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ ചുറുചുറുക്കോടെ ഈ അമ്മക്കൂട്ടം സ്ക്രീനില്‍ നിറയുമ്ബോള്‍ പ്രേക്ഷകരും സിനിമയ്ക്കൊപ്പം സഞ്ചരിച്ചു തുടങ്ങും, തീര്‍ച്ച.