പൃഥ്വിരാജിന്റെ അയ്യപ്പന്‍ 2020 മകരവിളക്ക് ദിനത്തില്‍?ആകാംഷയോടെ പ്രേക്ഷകര്‍!


കേരളമണ്ണില്‍ ശബരിമല വിവാദം ആഞ്ഞടിക്കുമ്ബോള്‍ അയ്യന്റെ കഥയുമായുമായി പൃഥ്വിരാജും ശങ്കര്‍ രാമകൃഷ്ണനും എത്തുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിലെ സംഭവ വികാസങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെ അയ്യപ്പന്‍ എന്ന ടൈറ്റിലില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.

അയ്യപ്പന്‍ എന്ന ചിത്രം 2020 മകരവിളക്ക് ദിനത്തില്‍ പ്രേക്ഷകരിലെക്ക് എത്തിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നതായി നിര്‍മ്മാതാവ് പറഞ്ഞു . തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ ഏറെ പ്രതീക്ഷയിലാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പാണ് ശങ്കര്‍ ഈ ചിത്രത്തെ കുറിച്ച്‌ എന്നോട് പറയുന്നത്. ഇതൊരു സ്വപ്ന സാക്ഷാല്‍ക്കാരം ആണ്, സ്വാമി ശരണം എന്ന അടിക്കുറിപ്പോടൊയാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അയ്യപ്പന്‍റെ കഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന രാജകുമാരന്റെ, യുദ്ധവീരന്റെ, വിപ്ലവകാരിയുടെ കഥയാകും പറയുക എന്നും ഓഗസ്റ്റ്‌ സിനിമയുടെ തലവനായ ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ശാസ്താവ് എന്ന സങ്കല്‍പ്പത്തിലൂന്നിയതാണ് ശബരിമലയിലെ അയ്യപ്പന്‍ എന്നും അതില്‍ നിന്നും വ്യതസ്ഥമായി പന്തള രാജകുമാരനായിരുന്ന അയ്യപ്പന്‍ എന്ന വ്യക്തിയിടെ ജീവിത കഥയിലൂടെയാവും ചിത്രം സഞ്ചരിക്കുക എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

മലമുകളില്‍ ഇരിക്കുന്ന അയ്യപ്പന്റെ രൂപത്തില്‍ പൃഥ്വിയും സമീപത്തായി അയ്യപ്പന്റെ വാഹനമായ പുലിയുമാണ് പോസ്റ്ററില്‍ ഉള്ളത്. റോ റീല്‍ റെബല്‍ എന്ന ക്യാച്ച്‌ വേഡോടെയെത്തുന്ന ചിത്രം ഓഗസ്റ്റ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം 2019 ആദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.