ഡിക്യുവില്‍ നിന്നും ലല്ലുവിലേക്കുള്ള പകര്‍ന്നാട്ടം അതിഗംഭീരം,വിസ്മയിപ്പിച്ചു ദുല്‍ഖര്‍!


ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ മുഴുനീള കോമഡി പറയുന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ദുല്‍ഖറിന്റെ അടുത്ത് കഥ പറയാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് വിഷ്ണു ഇപ്പോള്‍ പറയുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. വിഷ്ണുവിന്റെ വാക്കുകള്‍:

‘കുഞ്ഞിക്കയുടെ അടുത്ത് കഥ പറയാന്‍ ചെന്നപ്പോള്‍ ഇത് ഹ്യൂമര്‍ പടമാണെന്ന് പറഞ്ഞു. ചിത്രം മുഴുവന്‍ കോമഡിയും പ്രണയവുമാണ്. ഞങ്ങടെ മൂന്നാമത്തെ പടമാണ്. ചെറിയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും നന്നായി ചിരിക്കുന്ന ആളാണ് പുള്ളി. സ്ക്രിപ്റ്റ് വായിച്ച്‌ കേള്‍പ്പിച്ചപ്പോള്‍ പുള്ളി ചിരിച്ച്‌ ചിരിച്ച്‌ കണ്ണീന്നൊക്കെ വെള്ളം വന്നു. അപ്പോള്‍ ഞങ്ങള്‍ കരുതി ഇത് പുള്ളി ചെയ്യും. വേറെ കൂടുതല്‍ ഒന്നും പറയേണ്ടി വരില്ല എന്ന്’.

‘എല്ലാം ഓകെ ആയെന്ന് കരുതി. പുള്ളിയുടെ ഒരു ഓകെ കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു. ഇത്രേം ചിരി കഴിഞ്ഞിട്ട് പുള്ളി പറഞ്ഞു ‘ഞാനൊന്ന് ആലോചിക്കട്ടെ’ എന്ന്. അപ്പോള്‍ ഞങ്ങളൊന്ന് ഞെട്ടി. സത്യത്തില്‍ പുള്ളിക്ക് കഥ ഇഷ്ടമായി. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായത് കൊണ്ട് ചെയ്യാനാകുമോ എന്നൊരു സംശയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞത്.’

‘പക്കാ ലോക്കല്‍ ക്യാരക്ടര്‍ ആണ്. സാദാ ലോക്കല്‍ പെയിന്റ് പണിക്കാരന്‍ ആണ്. ചെയ്യാമെന്ന് പിന്നീട് വാക്ക് തന്നു. പിന്നീട് ഞങ്ങളെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു ദുല്‍ഖറില്‍ നിന്നും ലല്ലുവിലേക്കുള്ള പകര്‍ന്നാട്ടം. അതിഗംഭീരമായിട്ടാണ് ഡിക്യു അഭിനയിച്ചത്.’- വിഷ്ണു പറഞ്ഞവസാനിപ്പിച്ചു.