ഞങ്ങള്‍ നിങ്ങളുടെ സിനിമ കാണാം,ഞങ്ങളുടെ സിനിമ നിങ്ങളും കാണണം:വിഘ്‌നേഷ് ശിവൻ

‘പരിയേരും പെരുമാള്‍’ എന്നൊരു കുഞ്ഞു ചിത്രം തമിഴ്നാട്ടില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. സംവിധായകന്‍ പാ രഞ്ജിത് നിര്‍മ്മിച്ച്‌ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കതിര്‍, ആനന്ദി, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെപ്റ്റംബര്‍ 28നു റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ജാതി വ്യവസ്ഥ മനുഷ്യ രാശിയ്ക്ക് എതിരാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന ചിത്രത്തിനെ അഭിനന്ദിച്ചു കൊണ്ട് അനേകം തമിഴ് സിനിമാ പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഈ കൂട്ടത്തില്‍ സംവിധായകന്‍ വിഗ്നേഷ് ശിവന്‍ നടത്തിയ ട്വിറ്റെര്‍ പരാമര്‍ശം ശ്രദ്ധേയമാണ്. ‘പെരിയേരും പെരുമാള്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള കുറിപ്പില്‍ വിഗ്നേഷ് ശിവന്‍ പറയുന്നതിങ്ങനെ.

“പ്രിയപ്പെട്ട ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രം തമിഴ്നാട്ടില്‍ ഞങ്ങള്‍ കണ്ടാസ്വദിക്കാന്‍ പോവുകയാണ്. തമിഴകത്ത് ഉണ്ടായി വന്നിട്ടുള്ള മികച്ച ചിത്രങ്ങളില്‍ ഒന്നാണ്’പെരിയേരും പെരുമാള്‍’. മനുഷ്യത്വത്തെക്കുറിച്ചും ഒരു കാലത്തും ഒഴിയാത്ത അസമത്വത്തെക്കുറിച്ചും പറയുന്ന ഈ കുഞ്ഞു ചിത്രം നിങ്ങളും കണ്ടു ആ സിനിമയെ പിന്തുണയ്ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു”.

‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴി മാറ്റം ചെയ്തു എത്തുന്നു എന്നതിനെ പിന്‍പറ്റിയാണ്‌ വിഗ്നെഷിന്റെ ഈ വാക്കുകള്‍. ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’. കടലിന്റെ പശ്ചാത്തലില്‍ നടക്കുന്ന കഥയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’. വിജയ് കൃഷ്ണ​ ആചാര്യയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധാനം. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നു കൂടിയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ നോവലായ ‘കണ്‍ഫെഷന്‍സ് ഓഫ് എ തംഗ് ആന്റ് ദ കള്‍ട്ട് ഓഫ് ദ തഗ്ഗീ’ യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍.

ദീപാവലി റിലീസായ ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും.

തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്നാണു നിരൂപകര്‍ ‘പരിയേരും പെരുമാളിനെ’ക്കുറിച്ച്‌ പറയുന്നത്. അമര്‍ത്തിവയ്ക്കപ്പെട്ടവന്റെ ശബ്ദം ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഈ ചിത്രത്തിനു സിനിമാ പ്രവര്‍ത്തകരും വലിയ രീതിയില്‍ ഉള്ള പിന്തുണ നല്‍കുന്നുണ്ട്.