November 15, 2018

എന്നവളേ ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പാടി ഗ്രാമീണസ്ത്രീ;വീഡിയോ പങ്കുവെച്ച്‌ മനോഹരമെന്ന് ഏ ആര്‍ റഹമാന്‍


എന്നവളേ ഗാനത്തിന്റെ തെലുങ്ക് വേര്‍ഷനായ ഓ ചെലിയ മനോഹരമായി ആലപിക്കുന്ന ഗ്രാമീണ സ്ത്രീയുടെ വീഡിയോ പങ്കുവെച്ച്‌ ഏ ആര്‍ റഹമാന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയെ Unknown, anonymous, beautiful voice.എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 55,000ത്തിലധികം റിയാക്ഷനുകള്‍. ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയായ ബേബിയാണ് ഈ സ്ത്രീയെന്നും തെലുങ്ക് സംഗീത സംവിധായകന്‍ കോടി ഗാരു ഇവരുടെ പാട്ടു കേട്ട് അവര്‍ക്ക് അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കിയെന്നും പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ പറയുന്നു. ആ കമന്റിനു താഴെ പ്രശംസകളുമായി നിരവധി പേരെത്തിയിട്ടുണ്ട്. റഹമാന് അവര്‍ക്കൊരു ചാന്‍സ് കൊടുക്കാന്‍ കഴിയുമോ എന്നു ചോദിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഉന്നൈ കാണാമല്‍ ഗാനമാലപിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട്, ഒട്ടേറെ പേരുടെ പ്രശംസ നേടിയ ആലപ്പുഴ സ്വദേശി രാകേഷിന് ശങ്കര്‍ മഹാദേവന്‍ തന്നോടൊപ്പം ഒരു വേദിയില്‍ പാടാനുള്ള അവസരം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.